ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യസെറ്റ് ഇന്ത്യയിലേയ്ക്ക്. ഇന്നലെ ഫ്രാന്‍സില്‍നിന്നും പുറപ്പെട്ട യുദ്ധവിമാനങ്ങള്‍ വൈകിട്ട് യുഎഇയിലെ അല്‍ദഫ്റ സൈനിക വിമാനത്താവളത്തിലെത്തി. നാളെയാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുക.
10 സെറ്റുകളാണ് ദസോ ഏവിയേഷന്‍ കമ്പനി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാന്‍സില്‍ തന്നെയാണുള്ളത്. 5 എണ്ണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആദ്യസെറ്റിലുള്ളത്. ഹരിയാനയിലെ അംബാല സൈനികവിമാനത്താവളത്തില്‍ നാളെ റഫാലെത്തും. 7000 കിലോമീറ്റര്‍ നീണ്ട യാത്രയാണ്. ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മര്‍ദ്ദം കുറക്കാനുമായാണ് യുഎഇയില്‍ സ്റ്റോപ്പനുവദിച്ചത്. ഇന്നലെ രാത്രിയോടെ റഫാല്‍ യുഎഇ അല്‍ ദഫ്റ സൈനിക വിമാനത്താവളത്തിലെത്തി. 17 ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രണിലെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം എത്തിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്മിസൈലുകള് സജ്ജമാക്കിയ റഫാലിന്റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെ ഇന്ത്യ റഫാല്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തില്‍ ആക്കിയിരുന്നു. 2021 അവസാനത്തോടെ 36 റഫാല്‍ യുദ്ധവിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്നാണ് വാഗ്ദാനം.