രാജസ്ഥാനില്‍ എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തല്ക്കാലം തടഞ്ഞ ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സ്പീക്കര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ മൂന്നംഗബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമാക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. കോവിഡ് ചര്‍ച്ച ചെയ്യാന്‍ മാത്രമായി സമ്മേളനം ചേരണമെന്ന പുതിയശുപാര്ശ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണ്ണര്‍ക്ക് നല്കി. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന് ഭൂരിപക്ഷമുണ്ടെങ്കില്‍ നിയമസഭ വിളിക്കുന്നത് എന്തിനെന്ന് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര ചോദിച്ചിരുന്നു. ഇത് മറികടക്കാനാണ് കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം വേണമെന്ന നിര്‍ദ്ദേശവുമായി ഗെലോട്ട് രംഗത്തെത്തിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തി. കേസ് ചൂണ്ടിക്കാട്ടി ഗവര്‍ണ്ണര്‍ വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ബിജെപിയും എതിര്‍നീക്കം സജീവമാക്കുകയാണ്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയില്‍ കേന്ദ്രം ഇടപെട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി രാജസ്ഥാന്ഘടകം ആവശ്യപ്പെട്ടു. കോടതി സ്വീകരിക്കുന്ന നിലപാട്കൂടി നിരീക്ഷിച്ച ശേഷമാകും കേന്ദ്രത്തിന്റെ തുടര്‍നീക്കം.