jeevan news online

വാർത്തകൾ വിശദമായി

കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം പൂര്‍ത്തിയാകുന്നു


കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലായ് 26നാണ് ഇന്ത്യ വിജയം പ്രഖ്യാപിച്ചത്.

നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക്  തുരത്തി 1999 ജൂലൈ 26നാണ് ഇന്ത്യന്‍സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചത്. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. ഇന്ത്യന്‍സൈന്യം പിന്‍വാങ്ങിയ തക്കംനോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രം. താഴ്‌വരയിലെ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റമെന്ന് കരുതിയ ഇന്ത്യന്‍സൈന്യം, ഇവരെ വേഗത്തില്‍ തുരുത്താമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നിയന്ത്രണരേഖയിലെ താഴ്‌വരകളില്‍ പാക്കിസ്ഥാന്‍ സൈന്യം ഇത്തരത്തിലുള്ള നീക്കം നടത്തുന്നുണ്ടെന്ന് താമസിയാതെ ബോധ്യപ്പെട്ടു. തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്നിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തായിരുന്നു പാക്കിസ്ഥാന്റെ രഹസ്യനീക്കം. 1999 മേയ് അഞ്ചിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെപിടിക്കാന്‍ യുദ്ധം ആരംഭിച്ചു. തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര, വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. തന്ത്രപ്രധാനപാതകള്‍ ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തു. ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക് യുദ്ധമുന്നണിയില്‍ കനത്തനാശം വിതച്ചു.
മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ 1999 ജൂലൈ 26ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെപിടിച്ചു. 

 

 










<

JEEVAN TV NEWS

JEEVAN TV NEWS