jeevan news online

വാർത്തകൾ വിശദമായി

പ്രളയദുരന്ത നിവാരണത്തിന്റെ മറവില്‍ ആദ്യഘട്ടത്തില്‍ 14 നദികളില്‍നിന്ന് മണല്‍ വാരാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും


പ്രളയദുരന്ത നിവാരണത്തിന്റെ  മറവില്‍ ആദ്യഘട്ടത്തില്‍ 14 നദികളില്‍നിന്ന് മണല്‍ വാരാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മണ്ണും ചെളിയും മണലും നീക്കാനുള്ള അനുമതി മറയാക്കി നദികളില്‍നിന്ന് വന്‍തോതില്‍ മണല്‍ കടത്താന്‍ മണല്‍ മാഫിയ സജീവമായിക്കഴിഞ്ഞു.

വന്‍തോതില്‍ മണല്‍ വാരി മരണമണി മുഴങ്ങിയപ്പോഴാണ് 2012ല്‍ സംസ്ഥാനത്ത് നദികളില്‍നിന്നുള്ള മണല്‍ഖനനം തടഞ്ഞത്. സുപ്രീംകോടതിയും ദേശീയ ഹരിത െ്രെടബ്യൂണലും നദികളിലെ മണല്‍വാരല്‍ നിരോധിച്ച് ഉത്തരവും ഇറങ്ങി. പ്രളയസാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതപ്പുഴ, ചന്ദ്രഗിരിപ്പുഴ, മയ്യഴിപ്പുഴ, പെരുവമ്പ്ര, കടലുണ്ടിപ്പുഴ, ഉപ്പളപ്പുഴ, പെരിയാര്‍, മൂവാറ്റുപുഴ, ചാലിയാര്‍, അച്ചന്‍കോവിലാര്‍, പമ്പ തുടങ്ങിയ നദികളില്‍നിന്ന് മണലും മണ്ണും ചളിയും നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നദിയുടെ അടിത്തട്ട് കുഴിച്ചതുകൊണ്ടുമാത്രം പ്രളയത്തെ തടയാന്‍ കഴിയില്ലെന്നും ഇത് നദികളുടെ നാശത്തിന് വഴിയൊരുക്കുമെന്നും നിയമസഭ പരിസ്ഥിതി സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. മണല്‍വാരി അഗാധ ഗര്‍ത്തങ്ങളായി കിടന്ന നദികളില്‍ 2018ലെ പ്രളയകാലത്ത് വന്‍തോതില്‍ മണലടിഞ്ഞെന്നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളുടെ ഖനനം മൂലം നാലുമുതല്‍ ആറുമീറ്റര്‍ വരെ താഴ്ന്ന നദികളുടെ അടിത്തട്ടില്‍ ഒരടിപോലും ചളിയും മണലും എത്തിയിട്ടില്ലെന്ന് പമ്പാ പരിരക്ഷണ സമിതി അടക്കം പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 12 നദികളില്‍ അടിത്തട്ട് കുഴിക്കാന്‍ കഴിയാത്തവിധം മണല്‍ വാരിപ്പോയെന്ന് റിവര്‍ മാനേജ്‌മെന്റ് അതോറിറ്റി നടത്തിയ മണല്‍ ഓഡിറ്റിങ്ങില്‍ മുമ്പ് കെണ്ടത്തിയിരുന്നു. ഭാരതപ്പുഴയിലെ മണല്‍വാരല്‍ കര്‍ശനമായി തടയണമെന്ന് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി 2017 ആഗസ്റ്റ് 23ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിേപ്പാര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്നും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും സമിതി വ്യക്തമാക്കിയിരുന്നു. 10 മീറ്ററോളം അടിത്തട്ട് താഴ്ന്ന നദികളുടെ ചില മേഖലകളില്‍ ഉപ്പുരസം കലര്‍ന്നതും ഓരുവെള്ള സാന്നിധ്യം കണ്ടെത്തിയതും കേന്ദ്ര ജലകമീഷന്‍ പഠനത്തില്‍ പുറത്തുവന്നിരുന്നു. പൂര്‍ണമായി നദികളെ ആശ്രയിച്ച് നിലനില്‍ക്കുന്ന കുടിവെള്ള വിതരണ പദ്ധതികള്‍ അടിത്തട്ട് മാന്തുന്നത് മൂലം താളംതെറ്റാനും സാധ്യതയുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS