jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം യുഎഇയില്‍ വിമാന നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.


സൗദിയില്‍ എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയപരിധിയില്‍ അവശ്യ സര്‍വീസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും. ആളുകള്‍ക്കും പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കൊഴികെ വ്യക്തികളുടെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ ഈ സമയത്ത് നിയന്ത്രണമുണ്ടാകും. എന്നാല്‍ ആരോഗ്യമേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാവിഭാഗം പരിശോധനക്കുണ്ടാകും. സൗദിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപനം. ഞായറാഴ്ച മാത്രം സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി. അതിനിടെ യു എ ഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാനസര്‍വീസുകളും നിര്‍ത്തിവെയ്ക്കും. 48 മണിക്കൂറിനകം കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തും.
രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിര്‍ത്തും. വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS