jeevan news online

വാർത്തകൾ വിശദമായി

കശ്മീര്‍വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്‌


സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു.
കശ്മീര്‍വിഷയത്തില്‍ ഇടപെടല്‍ ആവശ്യമില്ലെന്ന ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള നിലപാടുകള്‍ക്കിടെയാണ് ഇടപെടാന്‍ തയ്യാറാണെന്ന സൂചനയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന് ട്രംപ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഫ്ഗാനിസ്ഥാന്‍പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി സമാന സാഹചര്യമാണ് ഇന്ത്യയിലുമെന്ന് സൂചിപ്പിച്ചു. അമേരിക്കയ്ക്ക് മാത്രമേ കശ്മീര്‍വിഷയത്തില്‍ ഇടപെടാനാകൂവെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആവര്‍ത്തിച്ച് നിരാകരിച്ചിട്ടും ഇത് നാലാംതവണയാണ് കശ്മീരില്‍ ഇടപെടാന്‍ തയ്യാറാണെന്ന നിലപാട് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്. നേരത്തെ സെപ്തംബറില്‍, യുഎന്‍ ജനറല്‍അസംബ്ലിക്കിടെ ട്രംപ് സമാന നിലപാട് പങ്കുവെച്ചിരുന്നു. കശ്മീര്‍ ആഭ്യന്തരപ്രശ്‌നമാണെന്നായിരുന്നു മുമ്പെന്നത്തേയും പോലെ ഇന്ത്യയുടെ മറുപടി. ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് കശ്മീരില്‍ ഇടപെടാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS