jeevan news online

വാർത്തകൾ വിശദമായി

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യു.എസ് എംബസിയെ ലക്ഷ്യംവെച്ച് വീണ്ടും റോക്കറ്റാക്രമണം


എംബസി ഉള്‍പ്പടെ തന്ത്രപ്രധാന കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ മൂന്ന് റോക്കറ്റുകള്‍ പതിച്ചു.
മൂന്ന് കത്സൂയ റോക്കറ്റുകളില്‍ രണ്ടെണ്ണം അമേരിക്കന്‍ എംബസിക്കുസമീപമാണ് പതിച്ചത്. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലയെ തുടര്‍ന്ന് ബഗ്ദാദിലെ യു.എസ് എംബസി ലക്ഷ്യംവെച്ച് നേരത്തെയും റോക്കറ്റാക്രമണം നടന്നിരുന്നു. ഇറാഖില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണ് പുതിയ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബഗ്ദാദ് നഗരത്തിനു പുറത്ത് സഫറാനിയ്യയില്‍ നിന്നാണ് മൂന്ന് റോക്കറ്റുകളും വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റോക്കറ്റാക്രമണം നടന്ന ഉടന്‍ സൈറണ്‍ ശബ്ദം ഉയരുകയും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇറാന്‍ അനുകൂല മിലീഷ്യ വിഭാഗങ്ങളും കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ യോഗം ചേര്‍ന്നിരുന്നു. ഇറാഖ് ഉള്‍പ്പടെ ഗള്‍ഫ് മേഖലയില്‍ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ ഏകോപിത നീക്കം നടത്താനാണ് തീരുമാനമെന്ന് ഇറാഖ് കേന്ദ്രമായുള്ള ഹിസ്ബുല്ല വക്താവ് വെളിപ്പെടുത്തി. ഖാസിം സുലൈമാനിയുടെ വധത്തിന് പകരമായി ജനുവരി എട്ടിന് ഇറാഖിലെ രണ്ട് യു.എസ് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ഇറാഖ് നഗരങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. പൊലിസ് വെടിവെപ്പില്‍ ഇന്നലെ മാത്രം 5 പേരാണ് കൊല്ലപ്പെട്ടത്.

 










<

JEEVAN TV NEWS

JEEVAN TV NEWS