jeevan news online

വാർത്തകൾ വിശദമായി

യുദ്ധം ഒഴിവാക്കാന്‍ സംഭാഷണത്തിനുള്ള അവസരം ഇനിയുമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.


2015 ലെ ആണവ കരാറിലേക്ക് അമേരിക്ക തിരിച്ചുവരാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം യുറേനിയും സമ്പുഷ്ടീകരണ തോത് നിജപ്പെടുത്തുന്ന പ്രശ്‌നമില്ലെന്ന ഇറാന്‍ നിലപാട് വന്‍ശക്തി രാജ്യങ്ങളും തെഹ്‌റാനുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കി.
യാഥാര്‍ഥ്യബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട യുദ്ധസാഹചര്യം ഇല്ലാതാക്കാനാവുമെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണം. ആണവ പദ്ധതിയുമായി രാജ്യം മുന്നോട്ടു തന്നെ പോകും. 2015ന്റെ ആണവ കരാറിന്റെ സമയത്തുള്ളതിനേക്കാള്‍ മികച്ച പുരോഗതി ഇപ്പോള്‍ പദ്ധതിക്കുണ്ടെന്നും റൂഹാനി വ്യക്തമാക്കി.
മാനദണ്ഡങ്ങള്‍ മറികടന്ന് യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് ആണവ കരാറിന്റെ ഭാഗമായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കാന്‍ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളും ആശങ്കയോടെയാണ് നോക്കി കാണുന്നത്. കരാര്‍ ദുര്‍ബലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്‍ശക്തി രാജ്യങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെക്കു മുമ്പാകെയും നേതാക്കള്‍ ഉത്കണ്ഠ അറിയിച്ചിരുന്നു. അതിനിടെ, ഗള്‍ഫ് പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം ഉറപ്പാക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ നടപടി ഊര്‍ജിതമാക്കി. ഒമാന്‍, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളും സമാധാന നീക്കവുമായി രംഗത്തുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS