jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലാവധി ഇന്ന് അവസാനിക്കും


നാളെമുതല്‍ നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. പകരം ബോധവത്കരണത്തിനായിരുന്നു ഊന്നല്‍. ഈ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. നേരത്തെ അറിയിച്ച പ്രകാരം നാളെ മുതല്‍ നിരോധനം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കിത്തുടങ്ങേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യതവണ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50000 രൂപയും പിഴ ഈടാക്കും. എന്നിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും. പ്ലാസ്റ്റിക് നിരോധത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും സാവകാശം അനുവദിക്കണമെന്ന ശക്തമായ ആവശ്യം വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് പ്രധാനപ്രശ്‌നം. ബ്രാന്‍ഡഡ് കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും സമാനമായ ഗുണനിലവാരത്തിലുള്ളവ ചില്ലറ വ്യാപാരികളെ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് വിവേചനമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇളവ് നീട്ടുന്നതിലോ കര്‍ശനപരിശോധനയും പിഴയീടാക്കലുമുള്‍പ്പടെ നടപടി സ്വീകരിക്കുന്നതിലും ഇതുവരെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമില്ല. അതേസമയം, പ്ലാസ്റ്റിക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെ കര്‍ശന നടപടി സ്വീകരിക്കാന്‍ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം. നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പിഴയീടാക്കാനാണ് തീരുമാനം. നടപടികള്‍ കര്‍ശനമാക്കുകയാണെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് വ്യാപാരികളുടെ തീരുമാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS