jeevan news online

വാർത്തകൾ വിശദമായി

പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും


ഡെല്‍ഹി കൂട്ടബലാല്‍സംഗകേസിലെ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അഭിഭാഷക വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തല്‍ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് പിന്നാലെ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയും ചെയ്തു. ഈ മാസം 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ഡെല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസിലെ നാല് പ്രതികള്‍ക്കും ജനുവരി ഏഴിന് ഡെല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിനാണ് വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിനയ് ശര്‍മ്മയ്ക്കും, മുകേഷിനും പുറമേ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22നായിരിക്കും തൂക്കിലേറ്റുക. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡെല്‍ഹിയില്‍ ബസ്സില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡെല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് മരണം സംഭവിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS