jeevan news online

വാർത്തകൾ വിശദമായി

ഓസ്‌ട്രേലിയക്കെതിരായ ആദ്യഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണം കെട്ട തോല്‍വി


ഇന്ത്യ ഉയര്‍ത്തിയ 256റണ്‍സ് വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ഓസീസിനുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും സെഞ്ച്വറി നേടി.
ടോസില്‍ തുടങ്ങി ഓസ്‌ട്രേലിയന്‍ മേധാവിത്വം. ചെറിയ ഇടവേളക്കുശേഷം ഏകദിനം കളിക്കാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പാളി. കളിയുടെ തുടക്കത്തില്‍ ലഭിക്കുന്ന ചെറിയ സഹായങ്ങള്‍ പരമാവധി മുതലാക്കിയായിരുന്നു സ്റ്റാര്‍ക്കും കുമ്മിന്‍സും പന്തെറിഞ്ഞത്. രോഹിത് ശര്‍മ്മക്ക് സ്റ്റാര്‍ക്കിന്റെ പന്തിന്റെ ലെങ്ത് പിഴച്ചപ്പോള്‍ വാര്‍ണറുടെ കൈകളില്‍ തീര്‍ന്നു. ശിഖര്‍ ധവാനും, കെ.എല്‍ രാഹുലും ഒത്തു ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ മാത്രമാണ് ഇന്ത്യക്ക് അല്‍പമെങ്കിലും മേല്‍ക്കൈ ലഭിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 134ല്‍ എത്തി നില്‍ക്കെ രാഹുലിനെ സ്മിത്തിന്റെ കൈകളിലെത്തിച്ച് അഗാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ധവാനെ കുമ്മിന്‍സ് മടക്കുകയും ചെയ്തു. 14 പന്തില്‍ ഒരു
സിക്‌സ് അടക്കം 16 റണ്‍സടിച്ച കോലിയെ സാംബ സ്വന്തംഏറില്‍ പിടിച്ചതോടെ ഇന്ത്യന്‍ ബാറ്റിംങിന്റെ പാളംതെറ്റി. പേസ് ബൗളിംങിന്റെ സൗന്ദര്യം എന്താണെന്ന് കാണിച്ചുകൊടുത്തായിരുന്നു ശ്രേയസ് അയ്യരെ കീപ്പറുടെ കൈകളിലേക്ക് സ്റ്റാര്‍ക്ക് എത്തിച്ചത്. തുടര്‍ച്ചയായ ഷോട്ട് ബോളുകള്‍ കൊണ്ട് വശംകെട്ട ശ്രേയസ് തൊട്ടടുത്ത് വന്ന ഗുഡ് ലെങ്ത് ബോളിന് ബാറ്റുവെച്ചുകൊടുക്കുകയായിരുന്നു. പന്തും,  ജഡേജയും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ശാര്‍ദൂല്‍ താക്കൂര്‍, ഷമി, കുല്‍ദീപ് എന്നിവരുടെ കൂടി വിലപ്പെട്ട സംഭാവനകള്‍ ചേര്‍ത്താണ് ഇന്ത്യ 255 റണ്‍സിലെങ്കിലും എത്തിയത്. 112 പന്തുകളില്‍ നിന്നും 17 ഫോറും മൂന്നു സിക്‌സറും അടക്കമാണ് ഡേവിഡ് വാര്‍ണര്‍ 128റണ്‍സ് നേടിയത്. ആരോണ്‍ ഫിഞ്ച് 114 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറുകളും അടക്കം 110 റണ്‍സ് അടിച്ചുകൂട്ടി. എല്ലാം ഓസീസ് പദ്ധതിക്കനുസരിച്ച് നീങ്ങുന്ന കാഴ്ച്ചയാണ് വാങ്കഡെയില്‍ കാണാനായത്.

 










<

JEEVAN TV NEWS

JEEVAN TV NEWS