jeevan news online

വാർത്തകൾ വിശദമായി

മരട് മിഷന്‍ സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയെങ്കിലും തുടര്‍നടപടികള്‍ ഇനിയും ഏറെയുണ്ട്‌


സുപ്രീംകോടതി ഉത്തരവിലൂടെ മരട് മിഷന്‍ സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയെങ്കിലും തുടര്‍നടപടികള്‍ ഇനിയും ഏറെയുണ്ട്. എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70ദിവസങ്ങള്‍ക്കുളളില്‍ നീക്കംചെയ്യേണ്ടത്. ഫ്‌ളാറ്റുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച നടപടികളും ഉടന്‍ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടി വരും.
സുപ്രീംകോടതി കണ്ണുരുട്ടിയതോടെ മരടിലെ ഫ്‌ളാറ്റുകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയെങ്കിലും മിഷന്‍മരട് അവസാനിക്കുന്നില്ല. നാല് ഫ്‌ളാറ്റുകളിലേയും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കിത്തുടങ്ങണം. എങ്കിലേ, ഫ്‌ളാറ്റുകള്‍ക്ക് തൊട്ടടുത്തുള്ളവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാനാകൂ. നിലവില്‍ മാറിത്താമസിക്കാന്‍ മൂന്നുമാസത്തെ വാടകയാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. മരടില്‍നിന്ന് നീക്കംചെയ്യുന്ന മാലിന്യങ്ങള്‍ ഇനി എന്തു ചെയ്യുന്നുവെന്ന് കൂടിയാണ് അറിയേണ്ടത്. മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും നിലം പരിശായതോടെ ഫ്‌ളാറ്റുടമകള്‍ക്കാണ് വീട് നഷ്ടമായത്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം കെട്ടിട നിര്‍മ്മാതാക്കളില്‍നിന്ന് പിടിച്ചെടുത്ത് നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം പറഞ്ഞിരുന്നത്. ആദ്യഗഡുവായി സുപ്രീംകോടതി നിശ്ചയിച്ച 25ലക്ഷം രൂപ പോലും എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ശേഷിക്കുന്ന തുകകൂടി കെട്ടിട നിര്‍മാതാക്കളില്‍നിന്ന് ഉടനടി ഈടാക്കി ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം ചട്ടലംഘനം നടത്തി നിരവധിപേരെ പെരുവഴിയിലാക്കിയ കെട്ടിടനിര്‍മാതാക്കള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ഭരണകൂടത്തിനാകണം.

 










<

JEEVAN TV NEWS

JEEVAN TV NEWS