jeevan news online

വാർത്തകൾ വിശദമായി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതായി സംസ്ഥാനസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും


തീരദേശപരിപാലന നിയമംലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതായി സംസ്ഥാനസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. എന്നാല്‍ തീരദേശപരിപാലന നിയമലംഘനത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.
മരട് ഫ്‌ളാറ്റ് കേസില്‍ കെട്ടിടനിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാരിനെതിരെയായിരുന്നു സൂപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരുവശത്ത് വടിയെടുത്ത് കോടതി, മറുവശത്ത് ഫ്‌ളാറ്റിലെ താമസക്കാരുടെ പ്രതിഷേധം. കോടതിവിധി നടപ്പാക്കാതെ പറ്റില്ലെന്ന നിലയിലേയ്ക്ക് സര്‍ക്കാരിന് ഒടുവില്‍ എത്തേണ്ടിവന്നു. അപ്പോഴും ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാരിനും ഉണ്ടായിരുന്നു. എങ്കിലും മരട് ഒരു തുടക്കം മാത്രമാകുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന ഉത്തരവാണ് ഇനി മുന്നിലുള്ളത്. സംസ്ഥാനത്ത് തീരദേശ പരിപാലനചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടേയും റിപ്പോര്‍ട്ടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 10 തീരദേശജില്ലകളില്‍ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റികളാണ് പരിശോധന നടത്തിയത്. ഓരോ ജില്ലകളിലും നൂറിലേറെ കയ്യേറ്റങ്ങളുണ്ടെന്നാണ് പ്രാഥമികവിവരം. ജില്ലാതല റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തി സുപ്രീം കോടതിക്ക് അന്തിമറിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS