jeevan news online

വാർത്തകൾ വിശദമായി

ആശങ്കകള്‍ക്ക് വിരാമമിട്ട് കൊണ്ടുള്ള വിജയകരമായ ഒരു പൊളിച്ചടുക്കലാണ് മരടില്‍ നടന്നത്‌


സമീപത്തെ പാലത്തിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാമായി നൂറുകണക്കിന് ആള്‍ക്കാരാണ് ഈ അപൂര്‍വ്വ കാഴ്ച കാണെനെത്തിയത്.
വര്‍ഷങ്ങള്‍കൊണ്ട് പണിതുയര്‍ത്തിയ അംബരചുംബികളായ സമുച്ചയങ്ങള്‍ നിമിഷങ്ങള്‍ക്കകം നിലംപൊത്തുന്നത് വിസ്മയത്തോടെയാണ് എല്ലാവരും കണ്ടുനിന്നത്.
രാവിലെ 11.17 ഓടെയായിരുന്നു എച്ച്ടുഓ ഹോളിഫെയ്തത്തില്‍ സ്‌ഫോടനം നടന്നത്. 5 സെക്കന്റില്‍, നേരത്തെയുള്ള പ്രവചനങ്ങളെല്ലാം ശരിവെച്ചുകൊണ്ടുള്ള ശാന്തമായ ഒരു മണ്ണടിയലായിരുന്നു അത്. എന്നാല്‍ ആല്‍ഫാ സെറിന്‍ നാടിനെ ഒന്നുകുലുക്കി. ചെറുതായല്ലാതെ ഒന്നു വിറപ്പിക്കുകയും ചെയ്തു. വിദേശികളുടെ നേതൃത്ത്വത്തില്‍ എഡിഫസ് നടത്തിയ ആദ്യസ്‌ഫോടനവും, ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീല്‍സ് നടത്തിയ രണ്ടും മൂന്നും സ്‌ഫോടനങ്ങളും തമ്മിലുള്ള വ്യാത്യാസം കാഴ്ച്ചക്കാര്‍ക്ക് പ്രകടമായിരുന്നു.
ഇന്നലെ രാത്രി മുതല്‍ തന്നെ സംഭവസ്ഥലവും, പരിസരങ്ങളും  പോലീസ് വലയത്തിലായിരുന്നെങ്കിലും രാവിലെയോടെ കൂടുതല്‍ പൊലീസെത്തി റോഡിന്റെയും, ഇടറോഡുകളുടേയുംവരെ നിയന്ത്രണം ഏറ്റെടുത്തു. ഡിസിപി പൂങ്കുഴലിയും, അസിസ്റ്റന്റ് കളക്ടറുമെല്ലാം നേരിട്ടാണ് നിയന്ത്രണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. കായലില്‍ കോസ്റ്റല്‍ പോലീസും, ആകാശത്ത് നേവിയുടെ ഹെലികോപ്റ്ററും സുരക്ഷ തീര്‍ത്തു.
ഇതോടെ ഇനി പൊളിക്കാനിരിക്കുന്ന ജെയില്‍ കോറലിന്റേയും, ഗോള്‍ഡന്‍ കായലോരത്തിന്റേയുമെല്ലാം അനിശ്ചിതത്ത്വവും നീങ്ങി.
ഒഴിഞ്ഞുപോകുമെന്ന് പലരും വിശ്വസിക്കുകയും ഒരുപാട് പേര്‍ ആഗ്രഹിക്കുകയും ചെയ്ത ഒരു വിധിയാണ് അതികണിശമായി നടപ്പായത്. എന്തായാലും മാസങ്ങളുടെ പ്രയത്‌നത്തിനുും, കാത്തിരിപ്പിനും, ആശങ്കകള്‍ക്കുമൊക്കെ വിരാമമായതിന്റെ ആശ്വാസത്തിലാണ്  ഇപ്പോള്‍ ഡിമോളിഷിംഗ് സംഘവും, മരടും, പിന്നെ കേരളവും.

 










<

JEEVAN TV NEWS

JEEVAN TV NEWS