jeevan news online

വാർത്തകൾ വിശദമായി

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


ബഹിരാകാശ ഏജന്‍സിയായ നാസ. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യംചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്തുനടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്.
ഇസ്രോയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനുതൊട്ടുപിന്നാലെയാണ് ഭൂമിയുമായുള്ള ബന്ധമറ്റത്. ദക്ഷിണധ്രുവത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന പ്രദേശത്തെ മിനുസമാര്‍ന്ന സമതലത്തില്‍ ഇറങ്ങാനായിരുന്നു വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടത്. നിര്‍ഭാഗ്യവശാല്‍ ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോള്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി.  ചന്ദ്രനെ ചുറ്റുന്നതിനിടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ സെപ്റ്റംബര്‍ 17ന് ദക്ഷിണ ധ്രുവത്തിനുസമീപത്ത് നിന്ന് പകര്‍ത്തിയ ചിത്രം നാസ പുറത്തുവിട്ടിരുന്നു. എന്നാല്‍ കനത്ത നിഴലുകള്‍ മൂടിയ ദൃശ്യങ്ങളാണ് ഓര്‍ബിറ്റര്‍ കാമറയില്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ നിരവധിയാളുകള്‍ ഈ ചിത്രങ്ങള്‍ വിശകലനം ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറായ ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചിത്രം വിലകലനം ചെയ്തുപഠിക്കുകയും ഇതുസംബന്ധിച്ച് നിര്‍ണായക കണ്ടെത്തല്‍ നടത്തുകയുമായിരുന്നു. ഒക്ടോബര്‍ 14നും 15നും നവംബര്‍ 11നും ഈ പ്രദേശത്തിന്റെ മൂന്നു ചിത്രങ്ങള്‍ കൂടി ലൂണാര്‍ ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ചതോടെ കൂടുതല്‍ വ്യക്തത ലഭിച്ചു. ഷണ്‍മുഖ സുബ്രഹ്മണ്യന്‍ നല്‍കിയ നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ചിത്രങ്ങള്‍ നാസ താരതമ്യം ചെയ്തു. ഇതുസംബന്ധിച്ച് നാസ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും അനുമാനത്തില്‍ എത്തുകയുമായിരുന്നു. പച്ച നിറത്തിലാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്. 21 കഷണങ്ങളായി ലാന്‍ഡര്‍ തകര്‍ന്നുവീണെന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS