jeevan news online

വാർത്തകൾ വിശദമായി

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെചൊല്ലി ദേവസ്വം ബോര്‍ഡും പൊലീസുമായുള്ള തര്‍ക്കം രൂക്ഷമായി.


പൊലീസിന്റെ ആരോപണങ്ങള്‍ ദേവസ്വം ബോര്‍ഡ് തള്ളി.
സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും തീര്‍ഥാടകരോട് മോശമായി പെരുമാറുന്നെന്നും പൊലീസ് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാഹുല്‍ ആര്‍ നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ക്യൂ സംവിധാനം ഒഴിവാക്കി ദര്‍ശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോര്‍ഡും പൊലീസുമായുള്ള തര്‍ക്കം. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെ ദര്‍ശനത്തിന് കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം സുരക്ഷാ ജീവനക്കാരനും പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാഹുല്‍ ആര്‍ നായര്‍ പോലീസ് ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കി.ജീവനക്കാരില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും, ഇവരെ അതീവ സുരക്ഷാ മേഖലയായ സോപാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ അമിത അധികാരം ഉപയോഗിക്കുന്നുവെന്നാണ് ദേവസ്വം ബോ!ര്‍ഡിന്റെ വാദം.പൊലീസ് ക്ലീയറന്‍സ് അടക്കം എല്ലാ സുരക്ഷാ പരിശോധനകളും കഴിഞ്ഞാണ് ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കുന്നതെന്ന് വിശദീകരിച്ച ബോര്‍ഡ് ദേവസ്വം വിജിലന്‍സും പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി.

മുന്‍ സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളുകയാണ് ദേവസ്വം ബോര്‍ഡ്. അതേസമയം, പൊലീസുമായുള്ള തര്‍ക്കത്തില്‍ ദേവസ്വം മന്ത്രിയെ ബോര്‍ഡ് അതൃപ്തി അറിയിച്ചിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS