jeevan news online

വാർത്തകൾ വിശദമായി

കൊച്ചി മരടിലെ ഫഌറ്റുകളിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു



കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. മരടിലെ നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധമാണ് വിച്ഛേദിച്ചത്. ഇതിന് പുറമേ കുടിവെള്ള വിതരണവും നിര്‍ത്തിവെച്ചു. ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധിക്കുകയാണ്. മനുഷ്യാവകാശലംഘനമാണെന്ന് ഫ്‌ളാറ്റുടമകള്‍ പ്രതികരിച്ചു. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെയാണ് വിച്ഛേദിച്ചത്. വലിയ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തത്. ഒഴിപ്പിക്കല്‍ 29ന് തുടങ്ങും.

നാല് ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. അടുത്തമാസം 11ന് ഫ്‌ളാറ്റ് പൊളിച്ച് തുടങ്ങും. 138 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതിബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിക്കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഫ്‌ളാറ്റുകള്‍ക്കുമുന്നില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 27നകം ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്ന് കാണിച്ച് കെഎസ്ഇബിക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.

 ഈ നോട്ടീസ് പ്രകാരമാണ് കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വിദേശത്തുള്ള ചില ഉടമകള്‍കൂടി മരടിലെ ഫ്‌ളാറ്റുകളില്‍ ഇന്ന് എത്തിച്ചേരും. തുടര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ അടിയന്തരയോഗം ചേരാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS