jeevan news online

വാർത്തകൾ വിശദമായി

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ



കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ. ദേവികുളം സബ്കലക്ടറുടെ നടപടി ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.

ഭൂമിയുടെ ഉടമാവകാശം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയത്.

ഇതിനെതിരെ ജോയ്‌സ് ജോര്‍ജും കുടുംബവും ഹൈകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.ഇടുക്കി വട്ടവട കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58ല്‍ 32 ഏക്കറാണ് ജോയ്‌സ് ജോര്‍ജ് അടക്കം ഏഴ് കുടുംബാംഗങ്ങള്‍ക്കുള്ളത്.

 കൊട്ടക്കാമ്പൂരില്‍ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗക്കാരുമായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍, മാരിയമ്മാള്‍, കുമാരക്കള്‍ എന്നിവരില്‍നിന്ന് 2001ല്‍ ജോയ്‌സിന്റെ പിതാവ് ജോര്‍ജ് 32 ഏക്കര്‍ പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ കൈവശപ്പെടുത്തിയെന്ന് 2014ലാണ് കലക്ടര്‍ക്ക് പരാതി ലഭിക്കുന്നത്.

വ്യാജരേഖകള്‍ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരില്‍ പട്ടയം തരപ്പെടുത്തി പിന്നീട് സ്വന്തമാക്കിയെന്നാണ് ആരോപണം. വ്യാജ പട്ടയത്തിലൂടെ സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന അന്നത്തെ ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 25.4 ഏക്കറിന്റെ പട്ടയം 2017 നവംബര്‍ 11ന് സര്‍ക്കാര്‍ റദ്ദാക്കി.

കൊട്ടക്കാമ്പൂരില്‍ ഒറ്റദിവസം എട്ടുപേര്‍ക്ക് പട്ടയം നല്‍കിയെന്നും അദ്ഭുതകരമായ വേഗത്തിലാണ് നടപടി പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതാണ് പട്ടയം റദ്ദാക്കാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. 1979ലെ രജിസ്റ്ററില്‍ ഇത് സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS