jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി



രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. ആറുമാസത്തെ പ്രവര്‍ത്തനമാണ് ലക്ഷ്യംവെച്ചതെങ്കിലും കൂടുതല്‍ കാലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് നേട്ടം. കുറച്ചുകാലംകൂടി പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ അയച്ച ചിത്രത്തിന്റെ സഹായത്തോടെയാണ് മാര്‍ഷ്യന്‍ അറ്റ്‌ലസ് ഐ.എസ്.ആര്‍.ഒ. തയ്യാറാക്കിയത്. ആദ്യ ചൊവ്വാദൗത്യം വിജയിക്കുന്ന രാജ്യം എന്ന നേട്ടവും ഇതിലൂടെ കൈവരിക്കാന്‍ കഴിഞ്ഞു.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകം തുടര്‍ച്ചയായി ചിത്രങ്ങള്‍ അയക്കുന്നതായി ചെയര്‍മാന്‍ പറഞ്ഞു. രണ്ടാം ചൊവ്വാദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 2013 നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി.എക്‌സ്.എല്‍. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച മംഗള്‍യാന്‍ 2014 സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

ഏഴു നിരീക്ഷണ ഉപകരണങ്ങള്‍ വഴി ചൊവ്വയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് രാജ്യത്തിനു ലഭിച്ചത്. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും തൃപ്തികരമാണ്. ആയിരക്കണക്കിന് ചിത്രങ്ങളാണ് പേടകം അയച്ചത്. ചൊവ്വയുടെ വളരെ അടുത്തുനിന്ന് മാര്‍സ് കളര്‍ കാമറ പകര്‍ത്തിയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ചൊവ്വയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിച്ചു.

ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റ് കണ്ടെത്താന്‍ കഴിഞ്ഞെന്നതും ഇതിന്റെ പ്രത്യേകതയാണ്. കുറഞ്ഞ ചെലവിലാണ് മംഗള്‍യാന്‍ ദൗത്യം വിജയിപ്പിച്ചത്. 454 കോടി രൂപയായിരുന്നു ചെലവ്. പേടകത്തിന്റെ ഇന്ധനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ് കാലാവധി കൂട്ടാന്‍ സഹായിച്ചത്.

രാജ്യത്തിന്റെ ആദ്യത്തെ വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ഒന്ന്, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന സമയപരിധിയായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ പത്തുവര്‍ഷം അത് വിജയകരമായി പ്രവര്‍ത്തിച്ചു. ദൗത്യത്തില്‍ പുലര്‍ത്തുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാലാവധി കൂട്ടിക്കിട്ടാന്‍ കാരണമെന്നും ഐ.എസ്.ആര്‍.ഒ. അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ രണ്ടാം ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടെങ്കിലും ദൗത്യം 98 ശതമാനവും വിജയമാണെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരു വര്‍ഷമാണ് നിശ്ചയിച്ചതെങ്കിലും ഏഴരവര്‍ഷം പ്രവര്‍ത്തിക്കും. ദൗത്യത്തില്‍ ലക്ഷ്യംവെച്ച ശാസ്ത്രസാങ്കേതിക പരീക്ഷണവും വിജയമായിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS