jeevan news online

വാർത്തകൾ വിശദമായി

സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബഞ്ച് രൂപീകരിക്കും



സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബഞ്ച് രൂപീകരിക്കും. അഞ്ച് മുതിര്‍ന്ന ന്യായാധിപര്‍ അംഗങ്ങളാകുന്ന സ്ഥിരം ഭരണഘടനാബഞ്ചാകും രൂപീകരിക്കുക. ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഒക്ടോബര്‍ 1 മുതലാണ് പുതിയ ബഞ്ച് നിലവില്‍ വരിക.

1950ല്‍ ചീഫ് ജസ്റ്റിസുള്‍പ്പടെ വെറും എട്ട് പേര്‍ മാത്രമായിരുന്നു സുപ്രീംകോടതിയിലുണ്ടായിരുന്നത്. ന്യായാധിപരുടെ എണ്ണം ഇപ്പോള്‍ 34 ആണ്. കേസുകളുടെ എണ്ണം അനുസരിച്ച് ന്യായാധിപരുടെ എണ്ണം കൂട്ടാമെന്ന പാര്‍ലമെന്റിന്റെ പുതിയ നിയമഭേദഗതി അനുസരിച്ച് സുപ്രീംകോടതിയിലേക്ക് കൂടുതല്‍ ന്യായാധിപരെത്തുകയാണ്.

 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. കൂടുതല്‍ ജഡ്!ജിമാരെത്തുന്ന സാഹചര്യത്തിലാണ്, ഒക്ടോബര്‍ 1 മുതല്‍ പുതിയ ബഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്.

 ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നാല്‍, ആദ്യം സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗബഞ്ച്, മൂന്നംഗബഞ്ചിലേക്കും അവിടെ നിന്ന് തീര്‍ത്തും പ്രധാനപ്പെട്ടവ ഭരണഘടനാ ബഞ്ചിലേക്കും കൈമാറുകയായിരുന്നു പതിവ്. ഓരോ കേസിനും ഓരോ ഭരണഘടനാ ബഞ്ച് രൂപീകരിക്കുകയാണ് ചെയ്യാറ്.

ഇത്രയും ജഡ്ജിമാരുടെ സമയം പാഴാക്കിക്കൊണ്ട് പല തലങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പകരം, ഭരണഘടനയുമായി ബന്ധപ്പെട്ട് വ്യാഖ്യാനവും തര്‍ക്കവുമുള്ള കേസുകള്‍ ഇനി നേരിട്ട് ഭരണഘടനാ ബഞ്ചിലേക്ക് പോകും.

ഓരോ കേസിനും അഞ്ചംഗങ്ങളുള്ള ഓരോ ബഞ്ച് രൂപീകരിക്കുന്നത് ഹെര്‍ക്കുലിയന്‍ ജോലിയായിരുന്നു, പല ചീഫ് ജസ്റ്റിസുമാര്‍ക്കും. ആകെ 164 കേസുകളാണ് വിവിധ ഭരണഘടനാ ബഞ്ചുകളിലേക്ക് രണ്ടംഗ  മൂന്നംഗബഞ്ചുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നിലവില്‍ 37 കേസുകളാണ് വിവിധ ഭരണഘടനാബഞ്ചുകള്‍ പരിഗണിക്കുന്നത്. ഇത് പരിഗണിക്കാനാണ് സ്ഥിരം സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS