jeevan news online

വാർത്തകൾ വിശദമായി

ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു



ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു.. 14 ദിവസത്തെ ചാന്ദ്ര പകല്‍ അവസാനിക്കുന്നതിനൊപ്പം വിക്രമുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്.

ഇസ്രൊ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലും വിക്രം ലാന്ററുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്.

 പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രമിന്റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല.

ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ വിക്രമിലെ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.

 വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസയുടെ ലൂണാര്‍ റിക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.

ദക്ഷിണധ്രുവപ്രദേശത്തെ പകല്‍ സമയം അവസാനിച്ച് തുടങ്ങിയതിനാല്‍ തന്നെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. 7 വര്‍ഷത്തേക്ക് കാലാവധി നീട്ടിയിട്ടുള്ള ഓര്‍ബിറ്ററിലാണ് ഇനി പ്രതീക്ഷ മുഴുവന്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS