jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ഉത്രാടം ; അവസാനവട്ട ഒരുക്കത്തില്‍ മലയാളികള്‍



ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. എല്ലാമൊരുക്കി മലയാളക്കര ഉറങ്ങി ഉണരുമ്പോള്‍ തിരുവോണപ്പുലരിയായി.

കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദര കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി പ്രജകളെ കാണാന്‍ എത്തുന്ന മാവേലിത്തമ്പുരാനെ വരവേല്‍ക്കനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളനാട്.

മഹാബലി എത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
ലോകമെമ്പാടുമുള്ള മലയാളികള്‍ ഉത്രാടപാച്ചിലിന്റെ തിരക്കിലാണ്. കഴിഞ്ഞദിവസം
മുതല്‍ക്കേ പച്ചക്കറിചന്തകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിപണി കൂടുതലായും വഴിയോരക്കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണ്.

എങ്ങും വിലക്കുറവിന്റെ വിളികള്‍മാത്രം. ഓഫറുകളുടെ പെരുമഴയുമായി വന്‍കിട കച്ചവടക്കാരും വഴിവാണിഭക്കാരും അവസാനവട്ട ഓണക്കൊയ്ത്ത് നടത്തുകയാണ്. പലരും ഓണക്കോടികള്‍ വാങ്ങിക്കഴിഞ്ഞു.

നാളെ അവിയലും കിച്ചടിയും പായസവുമെല്ലാമുള്ള സദ്യവട്ടം ഒരുക്കാനുള്ളതിന്റെ തയ്യാറെടുപ്പിലാണ് വീട്ടമ്മമാര്‍ .സദ്യവട്ടത്തിനുള്ള സന്നാഹങ്ങള്‍ മിക്കവീടുകളിലും രാത്രി തന്നെ തുടങ്ങും. അച്ചാര്‍ വിഭവങ്ങള്‍ ഇന്നേ തയ്യാറാക്കും. നാടും നഗരവും ഉത്സവഛായയിലായി കഴിഞ്ഞു.. ഉത്രാടപ്പാച്ചില്‍ തീരുന്നതോടെ പൊന്നോണം പിറക്കും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS