jeevan news online

വാർത്തകൾ വിശദമായി

ഭൂമിയുടെ പട്ടയംറദ്ദാക്കി ; നടപടി ദേവികുളംസബ്കളക്ടറുടേത്



കൊട്ടക്കാമ്പൂര്‍  ഭൂമി ഇടപാടില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനു തിരിച്ചടി. ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ദേവികുളം സബ്കളക്ടര്‍ രേണുരാജിന്റെതാണ് നടപടി.

ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകളാണു റദ്ദു ചെയ്തത്. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ദേവികുളം സബ്കളക്ടറുടെ മുമ്പാകെ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജിനായില്ല.

 രേഖകള്‍ കൃത്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 നവംബറില്‍ ഭൂമിയുടെ പട്ടയം ഒരു വര്‍ഷത്തേക്കു മുന്‍ സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണു റദ്ദാക്കിയത്. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

 ഇതിനെതിരെ ജോയ്‌സ് ജോര്‍ജ് ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും സബ് കളക്ടറുടെ നടപടി റദ്ദാക്കാതെ ഉത്തരവു പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വീണ്ടും വിശദമായ തെളിവെടുപ്പിനു ശേഷമാണു ദേവികുളം സബ് കളക്ടര്‍ പട്ടയവും തണ്ടപ്പേരും വീണ്ടും റദ്ദാക്കിയത്.

ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ എട്ടേക്കറും ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലുമാണ്. 2015ല്‍ ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടു പോലീസ് കേസെടുത്തിരുന്നു.

 ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്‌സ് ജോര്‍ജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തു എന്നാണു കേസ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS