jeevan news online

വാർത്തകൾ വിശദമായി

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചര്‍ച്ച നടത്തും



കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം. പാലായില്‍ സമാന്തര തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന ജോസഫിനെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം.

ജോസ് കെ മാണി വിഭാഗത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാവരുതെന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. മോന്‍സ് ജോസഫും ജോയി എബ്രഹാമുമാണ് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
തല്‍ക്കാലം നിലപാടില്‍ അല്‍പം അയവ് വരുത്തിയാണ് ജോസഫ് നില്‍ക്കുന്നത്.

സമാന്തര പ്രചാരണം യുഡിഎഫിലെ ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന് പി ജെ ജോസഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം ജോസഫ് ഉറപ്പിച്ചു പറയുന്നു. നിലവില്‍ ഒന്നിച്ച് ഉള്ള പ്രചാരണത്തിനുള്ള സാഹചര്യം അല്ല ഉള്ളത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിട്ടതിനാല്‍ സമാന്തര പ്രചാരണത്തില്‍ ചര്‍ച്ച നടത്തും.

 യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ചെന്നാരോപിച്ചാണ്, യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് പക്ഷം പ്രഖ്യാപിച്ചത്.

 തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കള്‍ക്കെതിരെ ജോസഫ് വിഭാഗം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

 എന്നാല്‍, പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ലെന്നാണ് ജോസ് കെ മാണി നിലപാടെടുത്തത്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിലാണ് പ്രവര്‍ത്തകരുടെ ശ്രദ്ധയെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS