jeevan news online

വാർത്തകൾ വിശദമായി

സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയിലെ സാക്ഷി വിസ്താരം മുടങ്ങി



സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയിലെ സാക്ഷി വിസ്താരം മുടങ്ങി. വിസ്തരിക്കേണ്ട മൂന്ന് സാക്ഷികള്‍ കൂറുമാറുമെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ നാല് സാക്ഷികളെയാണ് ആഗസ്റ്റ് 7 ന് വിസ്തരിക്കേണ്ടിയിരുന്നത്. പക്ഷെ കോടതി നടപടി തുടങ്ങിയതിന് പിന്നാലെ മൂന്ന് പേര്‍ കൂറുമാറുമെന്ന സംശയമുണ്ടെന്നും ഇവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

36ാം സാക്ഷി സിസ്റ്റര്‍ വിനിത, 37ാം സാക്ഷി സിസ്റ്റര്‍ ആനന്ദ്, 39 ാം സാക്ഷി സിസ്റ്റര്‍ ഷെര്‍ളി എന്നിവരെയാണ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.  ഇവര്‍ ഹാജരായിരുന്നെങ്കിലും അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.

 അതേസമയം, കോടതിയില്‍ ഹാജരായ 38ാം സാക്ഷി മിനി പീറ്ററെ ഈ മാസം 16ന് വിസ്തരിക്കും. സഭ വിടുന്നതിന് മുമ്പ് സിസ്റ്റര്‍ ക്ലാര എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. കേസില്‍ ഇതുവരെ നാല്  സാക്ഷികളാണ് കൂറുമാറിയത്.

 നാലാം സാക്ഷിയായ സഞ്ജു പി മാത്യു, ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മ, അന്‍പതാം സാക്ഷി സിസ്റ്റര്‍ അനുപമ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്.അഭയ താമസിച്ചിരുന്ന പയസ് ടെന്ത് കോണ്‍വെന്റിലെ അടുക്കള ജോലിക്കാരി അച്ചാമ്മയാണ് കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ സാക്ഷി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS