jeevan news online

വാർത്തകൾ വിശദമായി

പോലീസ് സേനയിലെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഇന്ന് ചേരും



പോലീസ് സേനയിലെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഇന്ന് ചേരും.  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ജോലിഭാരവും, മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നാണ് പോലീസുകാരുടെ ആവശ്യം.

സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യകളും പെരുകുന്ന സാഹചര്യത്തിലാണമ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത തലയോഗം വിളിച്ചത്.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 11 പോലീസ് ഉദ്യോഗസ്ഥര്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങളും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനുമാണ് ആത്മഹത്യകളിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ നയിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

 ഇതിനെ തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ്സുകളും യോഗയും കൗണ്‍സലിങ്ങും പോലീസുകാര്‍ക്കിടയില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനായി കലോത്സവം നടത്താനും തീരുമാനിച്ചിരുന്നു. ഹൈറാര്‍ക്കി നോക്കാതെ എല്ലാവര്‍ക്കും ഒന്നിച്ച് പങ്കെടുക്കാവുന്ന കലോത്സവത്തോടെ പോലീസുകാര്‍ക്കിടയില്‍ ആത്മബന്ധവും സൗഹൃദവും വളര്‍ത്തുകയും ഇതുവഴി മാനസിക സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഈ തീരുമാനത്തിന് പിന്നില്‍.

 എന്നാല്‍ ഇത് ഫലപ്രദമല്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. നാനൂറ് പേര്‍ക്ക് ഒരു പോലീസ് എന്ന നിലയില്‍ മറ്റ് സംസഥാനങ്ങളിലുള്ളത് പോലെ പോലീസ് സേനയിലെ അംഗബലം വര്‍ധിപ്പിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിപൂര്‍ണമായ പരിഹാരം കാണാനാവൂ എന്ന് ഇവര്‍ പറയുന്നു.

പോലീസ് സ്റ്റേഷനുകളിലെ സ്ഥിരം ജോലികള്‍ക്ക് പുറമെ ജനമൈത്രി, വയോജന പോലീസ്, പിങ്ക് പോലീസ്, വനിതാ ഹെല്‍പ് ഡസ്‌ക്, സ്റ്റുഡന്റ് പോലീസ് എന്നീ പദ്ധതികള്‍ നടപ്പാക്കേണ്ടതും പോലീസുകാരുടെ ചുമതലയാണ്. ഇതിന് പുറമെ പത്താം ക്ലാസില്‍ പരാജയപ്പെട്ടവരെ കണ്ടെത്തി അവരെ പഠനത്തില്‍ സഹായിച്ച് വിജയിപ്പിക്കുന്ന ഹോപ് എന്ന പദ്ധതിയും പോലീസില്‍ തുടങ്ങിയിട്ടുണ്ട്.

 സ്ഥിരം കുറ്റവാളികളെ അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിരന്തരം അവരെ ഫോളോ ചെയ്യുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും ഉണ്ട്. ഇതിനെല്ലാം ഇപ്പോഴുള്ള അംഗബലം അപര്യാപ്തമാണെന്നും പോലീസുകാര്‍ പറയുന്നു.

ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആത്മഹത്യ ചെയ്ത സംഭവം പോലീസുകാരില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കീഴുദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്ന മേലുദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നതാണ് പോലീസുകാരുടെ ആവശ്യം,  ' ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ദിവസേന നിരവധി പോലീസുകാര്‍ ഇരയാവുന്നതായാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

 ഈ സാഹചര്യം കണക്കിലെടുത്ത് കീഴുദ്യോഗസ്ഥരോട് മാന്യമായി പെരുമാറാനുള്ള പരിശീലനം മേലുദ്യോഗസ്ഥര്‍ക്കാണ് നല്‍ കണമെന്നാണ്  പോലീസുകാരുടെ ആവശ്യം. ഇതൊക്കെ പരിഗണിച്ചാണ് സര്‍ക്കാര്‍ അടിയന്തര യോഗം ചേരുന്നത്.  

 

 










<

JEEVAN TV NEWS

JEEVAN TV NEWS