jeevan news online

വാർത്തകൾ വിശദമായി

ജീവിതം തിരിച്ചുപിടിച്ച് റാണു



ഒരൊറ്റ പാട്ടിലൂടെ തന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച റാണുവിന്റെ കഥ ഇന്ന് സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. കൊല്‍ക്കത്തയിലെ റാണാഘട്ട് റെയില്‍വെ സ്റ്റേഷനില്‍ പാട്ടുപാടി ജീവിച്ചിരുന്ന റാണാ മണ്ഡലിന്റെ പാട്ടിനൊത്തും, ഇപ്പോള്‍ ചുവടുവെയ്ക്കുകയാണ് ബോളിവുഡ്.

കാലം റാണുവിന്റെ സൗന്ദ്യരത്തേയും, ഓര്‍മ്മകളേയും കവര്‍ന്നെടുത്തെങ്കിലും ആ യൗവ്വനം തുടിക്കുന്ന സ്വരമാധുരിയെ മാത്രം വെറുതെ വിടുകയായിരുന്നു. കാരണം ഭാരതീയ സംഗീതത്തിലെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കറിന്റെ അതേ സ്വരമാധുര്യമായിരുന്നു ആ തെരുവുഗായികയുടേയും കണ്ഠത്തില്‍ നിന്നുമുതിര്‍ന്നത്.

കഴിഞ്ഞുപോയ ജീവിതമോ, കുടുംബമോ ഒന്നും ഈ 59-ാം വയസ്സില്‍ അവരുടെ ഓര്‍മ്മയിലില്ലെങ്കിലും, താന്‍ ആരാധിച്ചിരുന്ന ലതാജിയുടെ പാട്ടുകളും, തന്റെ ഭര്‍ത്താവ് ബബ്‌ലു മണ്ഡലിനൊപ്പം പ്രാദേശിക ഗാനമേളകളില്‍, ഗാനമേളകള്‍ തുടങ്ങുന്നതിനു മുമ്പ് കാണികളെ അടക്കിയിരുത്താന്‍ പാടിയ പാട്ടുകളും അവര്‍ മറന്നിരുന്നില്ല.

 ഒട്ടിയ വയറുമായി കൊല്‍ക്കത്ത തെരുവുകളിലും, ട്രെയിനുകളിലും പാടിയാണ് അവര്‍ ഇതുവരെയും മരിക്കാതെ, മരിച്ച് ജീവിച്ചത്.റാണാഘട്ട് റെയില്‍ വെ സ്റ്റേഷനിലെ 6-ാം നമ്പര്‍ ഫ്‌ലാറ്റ് ഫോമിലിരുന്ന് പാടിയ റാണുവിനെ, അതീന്ദ്ര ചക്രവര്‍ത്തിയെന്ന യുവ എന്‍ഞ്ചിനീയര്‍ കേട്ടതാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്.

 റാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിച്ച് അതീന്ദ്ര അത് തന്റെ ഫെയ്‌സ് ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തു. ലോകം ആ പാട്ട് ഏറ്റെടുത്തതോടെ സുപ്പര്‍ സ്റ്റാര്‍സിംഗര്‍ എന്ന ടിവി റിയാലിറ്റി ഷോയിലേക്കും, അതിലൂടെ അതിന്റെ വിധികര്‍ത്താവായ ബോളിവുഡ് സംഗീത സംവിധായകന്‍ ഹിമേഷ് രേഷാമിയയുടെ സിനിമയിലേക്കും റാണു കടന്നു.

റാണുവിന്റെ പാട്ടുകേട്ട് മകള്‍ സ്വാതി അമ്മയെ തേടി എത്തിയതും, ഇന്ന് സോഷ്യല്‍ മീഡിയ ആഹ്ലാദപൂര്‍വ്വം ആഘോഷിക്കുകയാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS