jeevan news online

വാർത്തകൾ വിശദമായി

സര്‍ക്കാര്‍നിയമനങ്ങള്‍ വിവാദത്തില്‍



സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ നട്ടം തിരിയുമ്പോഴും പ്രത്യേക പദവിയോട് കൂടിയുള്ള സര്‍ക്കാര്‍ നിയമനങ്ങള്‍ തുടര്‍ക്കഥയാകുന്നു.

ഡെല്‍ഹിയില്‍ എ.സമ്പത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലെയ്‌സണ്‍ ഓഫീസറെയും നിയമിച്ചു. 1,10,000 രൂപ ശമ്പളം നിശ്ചയിച്ച ഉത്തരവിന്റെ പകര്‍പ്പ് ജീവന്‍ന്യൂസിന് ലഭിച്ചു.

സുശീല ഗോപാലന്‍ മന്ത്രിയായപ്പോള്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എ.വേലപ്പന്‍ നായരെയാണ് മുഖ്യമന്ത്രിയുടെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച് ഉത്തരവിറങ്ങിയത്.1,10,000 രൂപ ശമ്പളം നിശ്ചയിച്ചാണ് വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ പുതിയ ചുമതലയില്‍ കൊണ്ടുവന്നിരിക്കുന്നത്.

ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനാണ് പുതിയ നിയമനം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഡ്വക്കേറ്റ് ജനറലും, നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്‌പെഷ്യല്‍ ലൈസണ്‍ ഓഫീസറായി എ.വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക.

 മുഖ്യമന്ത്രിയുടെ ഓഫീസില്‍  നിയമോപദേശകനായി എന്‍. കെ ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വേലപ്പന്‍ നായര്‍ക്ക് അധിക ചുമതല നല്‍കുന്നത്. ഡല്‍ഹിയില്‍ പ്രത്യേക ഓഫീസും മറ്റ് സംവിധാനങ്ങളും നല്‍കി മുന്‍ എം പി എ സമ്പത്തിനെ നിയമിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

രണ്ട് അസിസ്റ്റന്റുമാരും, ഒരു പ്യൂണും, ഒരു ഡ്രൈവറും ,സര്‍ക്കാര്‍ വാഹനവും സമ്പത്തിന് നല്‍കിക്കൊണ്ട് അധിക ധൂര്‍ത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.പുതിയ നിയമത്തിനെതിരെ നേതാക്കള്‍ കൂടിയാലോചിച്ച ശേഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.

 

 










<

JEEVAN TV NEWS

JEEVAN TV NEWS