jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 96 ആയി



ഉരുള്‍പൊട്ടലില്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇനി 33 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇടക്കിടെ പെയ്യുന്ന മഴ തെരച്ചിലിന് തടസ്സമാകുന്നുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 96 ആയി.

കഴിഞ്ഞ ദിവസത്തെ  തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെടുത്തത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. മണ്ണഞ്ചേരി സ്വദേശി  അജിത് കുമാര്‍ ധനാരായണന്‍  ആണ് മരിച്ചത്.

 വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ച്ചയായി അഞ്ചാം ദിവസത്തേക്ക് കടന്നു. ഇവുടേക്ക്  കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കല്‍ തുടരാന്‍ തന്നെയാണ് തീരുമാനം. .

 കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. അതേസമയം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.  50 സെന്റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്.

 നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നു.. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.

 ഡാമുകളില്‍ നിന്ന് നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 പത്തനംതിട്ട ജില്ലയില്‍  മഴയെ തുടര്‍ന്ന് ഇതുവരെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 6568 പേരെ മാറ്റിപാര്‍പ്പിച്ചു. പ്രധാന ഡാമുകളിലൊന്നായ  കക്കിയില്‍ ജലനിരപ്പ് സംഭരണ ശേഷിയുടെ 42 ശതമാനത്തിലെത്തി.

പമ്പ ഡാമില്‍  56 ശതമാനം വെള്ളമുണ്ട്.
പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നതിനാല്‍ തീരത്ത് കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂഴിയാറില്‍ 23 മില്ലിമീറ്ററും, നിലക്കലില്‍ 21 മില്ലിമീറ്ററും മഴ പെയ്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS