jeevan news online

വാർത്തകൾ വിശദമായി

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥംവിട്ട് ചന്ദ്രനിലേയ്ക്ക് യാത്ര തുടങ്ങി



ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥംവിട്ട് ചന്ദ്രനിലേയ്ക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പുലര്‍ച്ചെ 2.21നാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നും മാറ്റിയത്.

ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 'ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍' എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും.

 തുടര്‍ന്ന് ചന്ദ്രയാന്‍ 2ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിക്കണം. അതിനുശേഷമാണ് സെപ്റ്റംബര്‍ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 2ന്റെ ഇറക്കം.

 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍നിന്ന് 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. 3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ 2മായി 'ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്' റോക്കറ്റ് ജൂലായ് 22നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നത്.

 ഇതിനിടയില്‍ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍2. എല്ലാഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS