jeevan news online

വാർത്തകൾ വിശദമായി

പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു



ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ദുരന്തമുണ്ടായ പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.

കണ്ണൂര്‍ ടെറിറ്റോറിയില്‍ ആര്‍മിയുടെയും കേന്ദ്ര ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് പുത്തുമലയില്‍ തെരച്ചില്‍. പോലീസ്, വനം സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. അതേസമയം ദുരന്തഭൂമിയില്‍ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.

 എന്നാല്‍ ഇതിലേറെപ്പേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ കുറവായതിനാല്‍ തെരച്ചില്‍ വിപുലമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ 207 ക്യാംപുകളിലായി 36,000 പേര്‍ കഴിയുന്നുണ്ട്. പടിഞ്ഞാറെത്തറ, കോട്ടത്തറ, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം വെള്ളമിറങ്ങി തുടങ്ങി.

 എന്നാല്‍ ആരേയും ഇതുവരെ ദുരിതാശ്വാസക്യാംപുകളില്‍ നിന്നും വിട്ടുതുടങ്ങിയിട്ടില്ല. അടുത്ത രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്‍കരുതല്‍.

കബനി നദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നുണ്ട്. എന്നാല്‍ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇതുവരെ താഴ്ത്തിയിട്ടില്ല. വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഉച്ചയോടെ ദുരന്തഭൂമിയിലെത്തുന്നുണ്ട്. ഇതിനാല്‍ വിപുലമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS