jeevan news online

വാർത്തകൾ വിശദമായി

പെയ്തത് അതിതീവ്രമഴ ;കൂടുതല്‍മഴ വയനാട്ടില്‍



മഹാപ്രളയത്തിന്റെ ഓര്‍മകളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയദുരിതങ്ങളിലേക്ക് തള്ളിവിട്ടത് 24 മണിക്കൂറിനിടിയില്‍ പെയ്തിറങ്ങിയ അതിതീവ്രമഴ.

വ്യാഴാഴ്ച രാവിലെ മുതല്‍ പെയ്ത മഴയാണ് ഒറ്റദിവസം കൊണ്ട് 12 ജില്ലകളെയും 'മിന്നല്‍ പ്രളയത്തില്‍' മുക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.


വ്യാഴാഴ്ച 8.30 മുതല്‍ വെള്ളിയാഴ്ച രാവിലെ 8.30 വരെ പാലക്കാട് 293.1 മി.മീറ്റര്‍ മഴയാണ് പെയ്തത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് 24 മണിക്കൂറിനിട!യില്‍ ഇത്രയും മഴ ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.


കഴിഞ്ഞ പ്രളയകാലത്ത് ആഗസ്റ്റ് 16ന് ഇടുക്കിയില്‍ പെയ്ത 260.48 മി.മീറ്ററായിരുന്നു ഒരുദിവസം കേരളത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴ.മഴ ദുരന്തം വിതച്ച വയനാട് ജില്ലയില്‍ 249.5 മി.മീറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ പെയ്തത്.

 ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍മൂലം പൂക്കോട്ട്, മാനന്തവാടി സബ് സ്റ്റേഷനുകളില്‍ നിന്നുള്ള വിവരം ലഭ്യമല്ല. ഈ സ്റ്റേഷനുകളിലെ കണക്കുകൂടി ലഭിച്ചാല്‍ മഴയുടെ അളവ് 300 മി.മീറ്റര്‍ കടന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

എറണാകുളം നെടുമ്പാശ്ശേരി ഭാഗത്ത് 212 മി.മീറ്ററും മലപ്പുറത്ത് 170.4, തൃശൂരില്‍ 145.7, കോഴിക്കോട് 137. 6, കണ്ണൂരില്‍ 100 മി.മീറ്റര്‍ മഴയും പെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15 മുതല്‍ 18 വരെയുള്ള മഹാപ്രളയകാലത്തെ മഴയേക്കാളും കൂടുതല്‍ മഴ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പെയ്‌തെങ്കിലും സ്ഥിതിഗതികള്‍ രൂക്ഷമാകാത്തത് ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ മഴക്കമ്മി കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകെ!ാണ്ട ന്യൂനമര്‍ദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ട് ന്യൂനമര്‍ദവും ചേര്‍ന്നതാണ് കേരളത്തിലെ കാലാവസ്ഥയെ പൊടുന്നനെ മാറ്റിമറിച്ചത്.

 രണ്ടാഴ്ച മുമ്പ് വരെ മണ്‍സൂണില്‍ 40 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കേരളത്തില്‍ കഴിഞ്ഞ 48 മണിക്കൂറിലെ മഴമൂലം കുറവ് 14 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

കോഴിക്കോട് മൂന്ന് ശതമാനവും പാലക്കാട് ആറ് ശതമാനവും അധികമഴ ലഭിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്

 

 










<

JEEVAN TV NEWS

JEEVAN TV NEWS