jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു



കേരളത്തില്‍ എട്ട് ജില്ലകളില്‍  റെഡ് അലര്‍ട്ട് തുടരുന്നു. അതേസമയം കലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 45 ആയി.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് റെഡ്അലര്‍ട്ട്.. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 കേരളത്തില്‍ ഒരിടത്തും അതിശക്തമായ മഴയുണ്ടാകില്ല എന്ന്  ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍ പ്രളയ സാഹചര്യം മുന്നില്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന അലര്‍ട്ടുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ.എം.മഹാപത്ര വ്യക്തമാക്കി.


പാലക്കാട് ആലത്തൂരില്‍ 40 സെന്റീമീറ്ററോളം അതിതീവ്ര മഴ ലഭിച്ചത് റെക്കാഡാണ്. കേരള തീരത്ത് തെക്കുനിന്ന് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനിടയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ 3.2 മീറ്റര്‍ മുതല്‍ 3.7 വരെ ഉയര്‍ന്നേക്കും. മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുത്.  മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.


കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി  പെരിന്തല്‍മണ്ണവരെയാണ് സര്‍വീസ് നടത്തുന്നത്. ഇടുക്കിയിലും പാലക്കാട്ടും, പത്തനംതിട്ടയിലും മഴക്ക് നേരിയ കുറവുണ്ട്. അണക്കെട്ടിലെ നീരൊഴുക്കിന് കുറവുള്ളതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തില്ല. ചലക്കുടിപുഴയിലും ജലനിരപ്പ് താഴ്ന്നു.

പെരിങ്ങള്‍ക്കൂത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ചാലക്കുടിയാര്‍ ശാന്തമായി തുടങ്ങിയത്. ചാലക്കുടിയാറിന്റെ ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം ഇടവേളകളില്‍ പെയ്യുന്ന മഴയും മൂടിക്കെട്ടിയ മാനവും വെള്ളക്കെട്ട് പൂര്‍ണമായും ഒഴിയുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS