jeevan news online

വാർത്തകൾ വിശദമായി

തോരാതെപെയ്യുന്ന മഴ കാസര്‍ഗോഡിനെയും ദുരിതത്തിലാക്കി



മൂന്ന് ദിവസത്തിലധികമായി തോരാതെപെയ്യുന്ന മഴ കാസര്‍ഗോഡിനെയും ദുരിതത്തിലാക്കി. ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായതിനെ തുടര്‍ന്ന് തേജസ്വിനിപ്പുഴ ഉള്‍പ്പടെ നിരവധിപുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പുഴയുടെ സമീപമുള്ള വീടുകള്‍ വെള്ളത്തിനടിയിലായി.

മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതേതുടര്‍ന്ന് പനത്തടി കമ്മാടി, സൗത്ത് തൃക്കരിപ്പൂര്‍, പരപ്പ കാര്‍ഷികഫാം എന്നിവിടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. കയ്യൂരില്‍ ചെറിയാക്കര, പൂക്കോട് എന്നിവിടങ്ങളില്‍ പുഴ കവിഞ്ഞൊഴുകി.

വീടുകളില്‍ വെള്ളംകയറിയതിനാല്‍ 50 കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്ക് മാറ്റി. കുന്നുംകൈ ടൗണില്‍ 30 അടിയോളം ഉയരത്തില്‍നിന്ന് മണ്ണിടിഞ്ഞു. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ റൂട്ടില്‍ ഗതാഗതം മുടങ്ങി. ചെറുപുഴ ഒടയഞ്ചാല്‍ മേജര്‍ ജില്ലാറോഡില്‍ പ്ലാച്ചിക്കര വനത്തില്‍ മണ്ണിടിഞ്ഞു. മണിക്കുറുകളോളം ഗതാഗതം മുടങ്ങി.

കാസര്‍ഗോഡിന്റെ മലയോരമേഖലയായ ഭീമനടിയില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, തേജസ്വിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് അഞ്ചൂറോളം വീടുകളില്‍ വെള്ളംകയറി. ചാത്തമത്ത്, പൊടോതുരുത്തി, പാലായി, പള്ളിക്കര താഴേഭാഗം, ചെമ്മാക്കര, തോട്ടുമ്പുറം, ഓര്‍ച്ച ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. നീലേശ്വരം നഗരസഭാപരിധിയിലെ മുന്നൂറ്റിയന്‍പതിലേറെ വീടുകളിലും കിനാനൂര്‍ കരിന്തളത്തെ അന്‍പതിലേറെ വീടുകളിലുമാണ് വെള്ളംകയറിയത്.

 മഴയിലും കാറ്റിലും മലയോരത്ത് വ്യാപകനാശമുണ്ടായി. കോടോംബേളൂരിലാണ് കൂടുതലും. ഇവിടെയും കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലുമായി 21 വീടുകള്‍ തകര്‍ന്നു. ചന്ദ്രഗിരിപ്പുഴയുടെ കൈവരിയായ കുടുംബൂര്‍ പുഴ മിക്കസ്ഥലങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും വൈദ്യുതത്തൂണുകള്‍ തകര്‍ന്നും ലൈനിനുമുകളില്‍ മരംവീണ് പൊട്ടിയും വൈദ്യുതിവിതരണം താറുമാറായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS