jeevan news online

വാർത്തകൾ വിശദമായി

ഒറ്റപ്പെട്ട് പുത്തുമല ;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു



കനത്ത മഴയെത്തുടര്‍ന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ആരംഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചില്‍ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമല ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്റെ തുടിപ്പുമായി ഒരാളെ പുത്തുമലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെയാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് വീണ്ടെടുത്തത്.

ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.   വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്.വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയില്‍ ഉണ്ടായത്.


മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുള്‍പൊട്ടലില്‍പ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകര്‍ന്നതോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS