jeevan news online

വാർത്തകൾ വിശദമായി

കര്‍ണാടകയില്‍ കനത്തമഴയില്‍ മരണം പത്തായി



കര്‍ണാടകയില്‍ കനത്തമഴയില്‍ മരണം പത്തായി. വടക്കന്‍ കര്‍ണാടകത്തില്‍ അരലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിഞ്ഞും വെളളം കയറിയും ഗതാഗതം തടസ്സപ്പെട്ടതോടെ കുടക് മേഖല ഒറ്റപ്പെട്ടു.

വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക് ,ചിക്മഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശത്തെ ഡാമുകളെല്ലാം തുറന്നതോടെ ഗ്രാമങ്ങളില്‍ വെളളംകയറി. ബെലഗാവി നഗരം ഇപ്പോഴും വെളളത്തിനടിയിലാണ്.

 ഇരുനൂറോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.  വെളളം കയറിയ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. ദുരന്തനിവാരണസേനക്കൊപ്പം സൈന്യവും ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വടക്കന്‍ കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കുമിടയില്‍ ബസ് സര്‍വീസുകളടക്കം തടസ്സപ്പെട്ട സ്ഥിതിയാണ്.

മണ്ണിടിഞ്ഞ് ചുരങ്ങളെല്ലാം അടഞ്ഞതോടെ കുടക് ഒറ്റപ്പെട്ടു. വിരാജ്‌പേട്ട പട്ടണത്തില്‍ വെളളംകയറി കേരളത്തിലേക്കുളള പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുടക് വഴിയുളള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കബനി, ഹാരംഗി അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS