jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് എഐസിസി ആസ്ഥാനത്ത് ചേരും



രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് എഐസിസി ആസ്ഥാനത്ത് ചേരും.. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് അദ്ധ്യക്ഷനായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്നനേതാക്കള്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. പുതിയ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും വരെ ഇടക്കാല അദ്ധ്യക്ഷനെ നിയമിക്കാനാണ് നേതാക്കള്‍ക്കിടയില്‍ ധാരണയായതെന്നാണ് സൂചന. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അദ്ധ്യക്ഷനെ കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ഗാന്ധി.

മികച്ച സംഘാടകനെന്ന് പേരുകേട്ട മുകുള്‍ വാസ്‌നിക്കിന് പാര്‍ട്ടിയുടെ സംഘടനാദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്. നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ്.

മുകുള്‍ വാസ്‌നിക്ക് അല്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വന്നേക്കും. സംഘടനാ തിരഞ്ഞെടുപ്പ് വരെ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ മേഖല തിരിച്ച് സച്ചിന്‍ പൈലറ്റ്, കെ.സി വേണുഗോപാല്‍, സുഷ്മിത ദേവ് എന്നിവര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ മേയ് 25ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. പ്രവര്‍ത്തക സമിതി ഏകകണ്ഠമായി ഇത് തള്ളിയെങ്കിലും രാജിയില്‍ ഉറച്ച രാഹുല്‍ ജൂലായ് 3ന് ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിടുകയായിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS