jeevan news online

വാർത്തകൾ വിശദമായി

മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നു



മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നു. മുംബൈ, പാല്‍ഘര്‍, താനെ, നാസിക്, റായ്ഗഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അഞ്ചുജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ അധികയൂണിറ്റുകളെ വ്യന്യസിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴയില്‍ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജനജീവിതം ദുരിതപൂര്‍ണമായി. മുംബൈയ്ക്ക് പുറമേ താനെ, പൂനെ, നാസിക്, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്.

പൂനെയിലെ ഖഡക്ക് വാസ്ലെ ഡാം തുറന്നുവിട്ടു. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ പന്ത്രണ്ട് സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. മണ്ണിടിച്ചില്‍ കാരണം തടസപ്പെട്ട കൊങ്കണ്‍ വഴിയുള്ള റയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.


പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയില്‍ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതിനെത്തുടര്‍ന്നാണ് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനുസമീപം അംബ പാലത്തിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പ്രശ്‌നം രൂക്ഷമായി.

അതോടെ കൊങ്കണ്‍പാത പൂര്‍ണമായി അടഞ്ഞു. കനത്ത മഴയുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്നും വെള്ളക്കെട്ടുകളില്‍നിന്ന് അകലം പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS