jeevan news online

വാർത്തകൾ വിശദമായി

ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി ഇന്ന് സുപ്രീംകോടതി വിലയിരുത്തും



ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി ഇന്ന് സുപ്രീംകോടതി വിലയിരുത്തും. പെണ്‍കുട്ടിയെ വിദഗ്ധചികിത്സക്കായി ഡെല്‍ഹിയിലെ എയിംസിലേക്ക് മാറ്റേണ്ടതുണ്ടോ എന്നതില്‍ കുടുംബത്തിന്റെ അഭിപ്രായവും കോടതി പരിശോധിക്കും. അതേസമയം കേസിലെ മുഖ്യപ്രതിയായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ഇന്ന് തീസ്ഹസാരി കോടതിയില്‍ ഹാജരാക്കും

പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചതുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാറിന്റെ വീട്ടിലടക്കം വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ കാറില്‍ വന്നിടിച്ച ട്രക്കിന്റെ ഉടമയെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ ജൂലൈ 30നാണ് അപകടത്തില്‍ പെടുന്നത്.


കേസുമായി ബന്ധപ്പെട്ട് കുല്‍ദീപ് സെംഗാറിന് പുറമേ സഹോദരന്‍ മനോജ് സെംഗാറിനെയും അടക്കം പത്ത് പേരെ ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം സെംഗാര്‍ തടവില്‍ കഴിയുന്ന സീതാപൂര്‍ ജയിലിലെത്തി, സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. അപകടത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സെംഗാര്‍ ആരോപിച്ചത്.

പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അപകടമുണ്ടാക്കിയ ട്രക്ക് ഉടമ സെംഗാറിന്റെ കൂട്ടാളിയാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ മൊഴി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതിനിടെ കുല്‍ദീപ് സെന്‍ഗാറിനെ സിബിഐ ഇന്നലെ രാത്രി ഡെല്‍ഹിയിലെത്തിച്ചു. ഇന്ന് തീസ്ഹസാരി കോടതിയില്‍ ഹാജരാക്കും. കുല്‍ദീപ് സെന്‍ഗാറിനെ കസ്റ്റഡിസില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ നീക്കം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS