jeevan news online

വാർത്തകൾ വിശദമായി

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു



ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേ സമയം ഇതേ വിഷയത്തില്‍ ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലും ഒരു ഹര്‍ജിയുണ്ട്.മലങ്കരസഭയ്ക്കു കീഴിലെ പള്ളികള്‍ 1934ലെ സഭാഭരണഘടനപ്രകാരം ഭരിക്കണമെന്നുകാട്ടി, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി 2017ല്‍ വിധിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പിന്നെയും കേസുകള്‍ വന്നെങ്കിലും 2017ലെ വിധിയുടെ ചുവടുപിടിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഉത്തരവുകള്‍ വന്നത്. സഭാതര്‍ക്കം തുടര്‍ന്നതോടെ, വിധി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പലതവണ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുവരെ മുന്നറിയിപ്പു നല്‍കിയിരുന്നു.ഇതിനുപിന്നാലെയാണ് അറുപതിലേറെ യാക്കോബായ വിശ്വാസികള്‍ റിട്ടു ഹര്‍ജി നല്‍കിയത്. ആരാധാനാ സ്വാതന്ത്ര്യത്തിനുപുറമേ സെമിത്തേരിയില്‍ അടക്കംചെയ്യാനുള്ള അവകാശവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഏതു മതവിശ്വാസിയുടെയും മൃതദേഹം അയാളുടെ വിശ്വാസപ്രകാരം അടക്കംചെയ്യുന്നത് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയുണ്ടെന്ന് അഡ്വ. അഡോള്‍ഫ് മാത്യു ഫയല്‍ചെയ്ത ഹര്‍ജിയില്‍ പറഞ്ഞു. വരിക്കോലി, കട്ടച്ചിറ പള്ളികളിലെ തര്‍ക്കവിഷയത്തില്‍ യാക്കോബായ വിഭാഗത്തിനുകൂടി അനുകൂലമാകുംവിധം മാര്‍ച്ചില്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS