jeevan news online

വാർത്തകൾ വിശദമായി

ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി



ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിയെ സമീപിച്ചത്.

ഒരിക്കല്‍ പാര്‍ട്ടി  അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി. കര്‍ണ്ണാടക ഗോവ പ്രതിസന്ധി രൂക്ഷമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചര്‍ച്ചകളും ഇപ്പോള്‍ സജീവമല്ല.

 ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ ഇപ്പോഴത്തെ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു വഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. നയിക്കാനാളില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

കര്‍ണ്ണാടകത്തിലും, ഗോവയിലുമുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.അതേസമയം പുതിയ അധ്യക്ഷനെ കണ്ടെത്താനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടന്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അക്കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 

 










<

JEEVAN TV NEWS

JEEVAN TV NEWS