jeevan news online

വാർത്തകൾ വിശദമായി

ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും



ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.
എഡ്ജ്ബാസ്റ്റണില്‍ 3 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് ലോകകപ്പിലെ ബിഗ് ഗെയിം തന്നെയാണ് പ്രതീക്ഷിക്കുന്നത്

ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാംഫൈനലാണ് ലക്ഷ്യമിടുന്നതെങ്കില്‍ 1992നുശേഷമുള്ള ആദ്യഫൈനലാണ് ഇംഗ്ലണ്ടിന്റെ സ്വപ്നം. പ്രാഥമികറൗണ്ടില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു ജയം. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍സമയം മൂന്നുമണിക്കാണ് മത്സരം തുടങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ കൈയെത്തുംദൂരത്താണെന്ന വിശ്വാസത്തില്‍ തന്നെയാണ് ഓസീസ് എഡ്ജ്ബാസ്റ്റണിലെ പോരാട്ടത്തിനിറങ്ങുന്നത്.

പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വിവഴങ്ങിയെങ്കിലും അത് ഓസീസിന്റെ ആത്മവിശ്വാസത്തെ ഉലച്ചിട്ടില്ല. എട്ടുമത്സരങ്ങളില്‍നിന്ന് 638 റണ്‍സടിച്ച് റണ്‍വേട്ടയില്‍ രണ്ടാമനായി നില്‍ക്കുന്ന ഡേവിഡ് വാര്‍ണറും 507 റണ്‍സോടെ അഞ്ചാമത് നില്‍ക്കുന്ന ആരോണ്‍ ഫിഞ്ചും അടങ്ങിയ ഓപ്പണിങ് നിരയാണ് ഓസീസിന്റെ ഏറ്റവും വലിയ കരുത്ത്.

26 വിക്കറ്റുമായി പട്ടികയില്‍ ഒന്നാമതുനില്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തേതൃത്വത്തിലുള്ള ബൗളിങ്‌നിരയെക്കുറിച്ചും അധികം ആശങ്കവേണ്ടെന്നത് ഓസീസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. തുടക്കത്തില്‍ കിരീടപ്രതീക്ഷയില്‍ ഏറെ മുന്നില്‍നിന്ന ഇംഗ്ലണ്ട് സെമിയിലെത്തിയത് പ്രതിസന്ധികളിലൂടെയുള്ള യാത്രകള്‍ക്കൊടുവിലാണ്.

 പാക്കിസ്ഥാനോടും ശ്രീലങ്കയോടും ഓസ്‌ട്രേലിയയോടും തോറ്റ് സെമിപ്രവേശം തുലാസിലായിരുന്ന ഇംഗ്ലണ്ട് അവസാനമത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഒടുവില്‍ കടന്നുകൂടിയത്. 500 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമതുള്ള ജോ റൂട്ടും രണ്ടു സെഞ്ചുറികളുമായി ഫോമിലുള്ള ജോണി ബെയര്‍‌സ്റ്റോയും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും അടങ്ങിയ മുന്‍നിര ബാറ്റിങ് കടമ നിര്‍വഹിച്ചാല്‍ ഇംഗ്ലണ്ടിന് പേടിക്കാനില്ല

 

 










<

JEEVAN TV NEWS

JEEVAN TV NEWS