jeevan news online

വാർത്തകൾ വിശദമായി

പാലാരിവട്ടം പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന



പാലാരിവട്ടം പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ്, വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധനയെന്നാണ് സൂചന.  


പാലാരിവട്ടം മേല്‍പ്പാലത്തില്‍ അടിത്തറ ഒഴികെ മറ്റെല്ലാം രണ്ടരവര്‍ഷത്തിനകം തകര്‍ന്നതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലത്തിന്റെ 17 കോണ്‍ക്രീറ്റ് സ്പാനുകളും മാറ്റി സ്ഥാപിക്കണം. സ്പാനുകളില്‍ മൂന്നെണ്ണം അതീവ അപകടസ്ഥിതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലം സഞ്ചാരയോഗ്യമാക്കുന്ന തരത്തില്‍ പുതുക്കിപ്പണിയാന്‍ ഇപ്പോഴത്തെ നിലയില്‍ 18.5 കോടി രൂപ വേണം.


 പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡറുകള്‍ ഉപയോഗിച്ച് സ്പാനുകള്‍ പുനഃസ്ഥാപിക്കണം. പാലത്തിന്റെ അടിത്തറയ്ക്ക് മാത്രമാണു പ്രശ്‌നമില്ലാത്തത്. പിയറുകളും പിയര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. ഇപ്പോഴത്തെ സ്ഥിതിയില്‍ പത്തുമാസം കൊണ്ടുമാത്രമേ പാലം പൂര്‍വസ്ഥിതിയിലാക്കാനാകൂ. 42 കോടിരൂപ ചെലവിട്ടാണ് പാലം നിര്‍മിച്ചത്.

പുനര്‍ നിര്‍മാണത്തിന് ആവശ്യമായ ചെലവ് ആദ്യം സര്‍ക്കാര്‍ വഹിക്കും. പിന്നീട് ഈ തുക ആരില്‍നിന്ന് ഈടാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിനുശേഷം തീരുമാനിക്കും. പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണുള്ളത്. അതില്‍ 17 എണ്ണത്തിനും വിള്ളലുണ്ട്. പ്രത്യേക തരം പെയിന്റിംഗ് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനാകുന്നില്ല.

 ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരം കുറഞ്ഞതാണ്. രൂപകല്പനയില്‍ത്തന്നെ അപാകതയുണ്ട്. നിര്‍മാണസാമഗ്രികള്‍ക്കാവശ്യമായ സിമന്റും കമ്പിയും നിശ്ചിത തോതില്‍ ഉപയോഗിച്ചിട്ടില്ല. അതിനാല്‍ കോണ്‍ക്രീറ്റിന് ആവശ്യത്തിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച മുഴുവന്‍ ലോഹ ബെയറിംഗുകളും കേടായി. തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് മേയ് ഒന്നിനാണ് പാലത്തില്‍ ഗതാഗതം നിരോധിച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS