jeevan news online

വാർത്തകൾ വിശദമായി

ഇടുക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങും



ഇടുക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങും. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഇതിനിടെ സംഭവത്തില്‍ നാല് പൊലീസുകാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.


ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ് കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്‌സിലും പീരുമേട് സബ് ജയില്‍, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും.


അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഇതിനിടെ സംഭവത്തില്‍ നാല് പൊലീസുകാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി വര്‍ഗീസ്, അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്, ബിജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

കൃത്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ഇതോടെ കേസില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരുടെ എണ്ണം എട്ടായി. ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തു.. ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ് കുമാറിന്റെ മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS