jeevan news online

വാർത്തകൾ വിശദമായി

വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍പ്ലാസയില്‍ ടോള്‍പിരിവ് തുടങ്ങി



വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍പ്ലാസയില്‍ ടോള്‍പിരിവ് തുടങ്ങി. റോഡിന്റെ നിര്‍മ്മാണം 2015 ഏപ്രിലില്‍ പൂര്‍ത്തീകരിച്ചതാണെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പുമൂലം ഇതുവരെ ടോള്‍പിരിവ് തുടങ്ങിയിരുന്നില്ല.

കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊന്നാരിമംഗലം ടോള്‍പ്ലാസയില്‍ ടോള്‍ പിരിവു ആരംഭിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികളുമായും, ജനപ്രതിനിധികളുമായും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സമവായം ഉരുത്തിരിഞ്ഞത്.

 ഇതിന്‍ പ്രകാരം മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍ പ്രദേശവാസികളുടെ കാറുകള്‍ക്ക് ടോള്‍ കൊടുക്കേണ്ടതില്ല. ടോള്‍ പ്ലാസയില്‍ നിന്നും 20 കിലോ മീറ്റര്‍ ചുറ്റളവിലുള്ളവരുടെ കാറുകള്‍ക്ക് 265 രൂപയുടെ പ്രതിമാസ പാസും നല്‍കും.

എല്ലാ ഇരു ചക്രവാഹനങ്ങളേയും, മുചക്രവാഹനങ്ങളേയും ടോളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാത്ത കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് വാഹനങ്ങള്‍ക്ക് ഒറ്റയാത്രക്ക് 45 രൂപയും, അതേ ദിവസം തന്നെയുള്ള മടക്കയാത്രക്കുള്‍പ്പെടെ 70 രൂപയും നല്‍കേണ്ടിവരും.


മുളവുകാടുകാര്‍ക്ക് ആവശ്യമായ സര്‍വ്വീസ് റോഡ് നിര്‍മ്മീക്കാഞ്ഞതും വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതുമായിരുന്നു, തുടക്കത്തില്‍ ടോള്‍പിരിവിനെതിരെ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. എന്‍എച്ച് 47-സിയില്‍ കളമശ്ശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള 17.12 കിലോമീറ്റര്‍ റോഡിന്, 909 കോടി രൂപയാണ് ചിലവായത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS