jeevan news online

വാർത്തകൾ വിശദമായി

കണ്ണങ്കാട്ട് ഐലന്‍ഡ് പാലത്തിന് വിള്ളല്‍



പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വിവാദം കത്തിനില്‍ക്കെ, കണ്ണങ്കാട്ട് ഐലന്‍ഡ് പാലത്തിലും വിള്ളല്‍. നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനുശേഷവും ഭാരവാഹനങ്ങള്‍ ഓടിച്ചിട്ടില്ലാത്ത പാലത്തിലാണ് ഇപ്പോള്‍ വിള്ളലുകള്‍ കണ്ടെത്തിയിരിക്കുന്നത്.

നിര്‍മ്മാണഘട്ടം മുതല്‍ വിവാദ കുരുക്കിലായ പാലത്തിലാണ് ഇപ്പോള്‍ ഒന്നര വര്‍ഷത്തിനു ശേഷം വിള്ളലുകള്‍ കണ്ടെത്തിയിരിക്കുന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പൈലിനും, ഡെക്ക് സ്ലാബിനും ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതത്തിനു ഗുണനിലവാരം കുറവാണെന്ന് പാലം പണിയുടെ തുടക്കത്തില്‍ തന്നെ പിഡ്ബ്ലൂഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു.


 ഇതേതുടര്‍ന്ന് പണികള്‍ നിര്‍ത്തിവെച്ചെങ്കിലും, ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും, കരാറുകാരും ചേര്‍ന്ന് ഒരു സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പണിതുടരാന്‍ അനുമതി നേടി. ഇതോടെയാണ് പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകളും, അഴിമതികളും അമ്പേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജീ ഗിരീഷ് ബാബു രംഗത്തെത്തിയത്.


 ഗീരീഷ് നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി, പാലനിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന റിപ്പോര്‍ട്ട് ഈയിടെ സമര്‍പ്പിച്ചിരുന്നു. അതിന്റെ തൊട്ടുപിന്നാലെയാണ് പാലത്തില്‍ ഇപ്പോള്‍ വിള്ളലുകള്‍ കണ്ടെത്തിയിരിക്കന്നത്.


പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ വിജിലന്‍സ് കണ്ടെത്തിയതിനു സമാനമായ വീഴചകള്‍ കണ്ണങ്കാട്ട് പാലത്തിലും ഉണ്ടായിട്ടുണ്ടെങ്കിലും, ഇവിടെ വിജിലന്‍സ് അത് സ്വാഭാവികമാണെന്ന് പറയുന്നത് വിചിത്രമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.


 പാലത്തില്‍ വിള്ളലുകള്‍ കൂടി കണ്ടെത്തിയതോടെ പ്രശ്‌നം ഇപ്പോള്‍ ജനകീയമായിരിക്കയാണ്. കുമ്പളം കായലിന് കുറുകെ 659 മീറ്റര്‍ നീളത്തിലും, 7.50 മീറ്റര്‍ വീതിയിലും 72.54 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പാലം 2017 സെപ്റ്റംബറിലാണ് ഗതാഗതത്തിനു തുറന്നു കൊടുത്തത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS