jeevan news online

വാർത്തകൾ വിശദമായി

മേയ് മാസത്തില്‍ മികച്ച വരുമാനനേട്ടവുമായി കെ.എസ്.ആര്‍.ടി.സി.



മേയ് മാസത്തില്‍ മികച്ച വരുമാനനേട്ടവുമായി കെ.എസ്.ആര്‍.ടി.സി. 200.91കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചത്. റൂട്ടുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിച്ചതും പുതിയ ചെയിന്‍സര്‍വീസുകള്‍ ആരംഭിച്ചതുമാണ് ഇതിന് പ്രധാന കാരണമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെടുന്നു.


ജനുവരിയില്‍ 189, ഫെബ്രുവരിയില്‍ 168, മാര്‍ച്ചില്‍ 183, ഏപ്രിലില്‍ 189 കോടി രൂപ വീതമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ഇന്‍സ്‌പെക്ടര്‍മാരെ വിവിധ സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിച്ചതും കൃത്യമായ വിലയിരുത്തലുകളും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചതും വരുമാനവര്‍ദ്ധനയ്ക്ക് കാരണമായി.

സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍ സര്‍വീസുകള്‍ ആദ്യഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും പിന്നീട് പരാതി ഉയര്‍ന്നപ്പോള്‍ പുനഃക്രമീകരണങ്ങള്‍ നടത്തി പരിഹാരമുണ്ടാക്കി. ഇവ 15 മിനിറ്റ് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും തിരിച്ചും ക്രമീകരിച്ചിരുന്നു.

 അതിന് റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും വരുമാനത്തില്‍ നേട്ടമുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രത്യേകിച്ച് ഒരുവിധ
സ്‌പെഷ്യല്‍ സര്‍വീസുകളും ഇല്ലാതിരുന്ന മേയ് മാസത്തില്‍ ഇത്രയും വരുമാനം നേടാന്‍ സാധിച്ചത് കെ.എസ്.ആര്‍.ടി.സി.ക്ക് അഭിമാനനേട്ടമായി.

പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിന്‍ സര്‍വീസുകള്‍ അടക്കം മറ്റ് ഓര്‍ഡിനറി ചെയിന്‍ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് ലഭിക്കുന്നതിനുള്ള ക്രമീകരണം കെ.എസ്.ആര്‍.ടി.സി. നടത്താന്‍ പോകുന്നുണ്ട്. ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പംതന്നെ ഓരോ ലിറ്റര്‍ ഡീസലിന് ലഭിക്കുന്ന വരുമാനം ഉയര്‍ത്തി ചെലവ് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.


വടക്കന്‍ മേഖലകളില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യപ്പെട്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസില്‍ ലഭിക്കുന്നത്. ഈ സര്‍വീസുകളും കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളും ആരംഭിക്കുന്നതോടെ കളക്ഷനില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധിക്കും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS