jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ കേരളത്തിലേയ്ക്ക്



വയനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യ  ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ  രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.അതേസമയം  
വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഉടന്‍ കേരളത്തിലെത്തും

 

അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച് കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന്  പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ഡെല്‍ഹി വിട്ട് പുറത്തു പോയിട്ടില്ല.

അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്റെ വരവ്.


 അതിനിടെ വയനാട്ടിലെ  കര്‍ഷകര്‍ ആത്മഹത്യ  ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.  
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി  താന്‍ ഫോണില്‍ സംസാരിച്ചിരുന്നു.

വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദവും, വിഷമവും അതി ജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ തന്നോട് പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.

2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും  വായ്പാ  തിരിച്ചടവിനായി  ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍  കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി  കത്തില്‍  ആവശ്യപ്പെട്ടു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS