jeevan news online

വാർത്തകൾ വിശദമായി

കായല്‍ ഗതാഗതം ആധുനികമാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്



കായല്‍ ഗതാഗതം ആധുനികമാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 3 ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിനു കരാര്‍ നല്‍കി. അടുത്ത ഫെബ്രുവരിയോടെ വാട്ടര്‍ മെട്രോ സര്‍വ്വീസിനു തുടക്കം കുറിക്കാനാണ് കെഎംആര്‍എല്‍  ലക്ഷ്യമിടുന്നത്.

വൈറ്റില മൊബിലിറ്റി ഹബ്ബിനേയും, ജില്ലാ ആസ്ഥാനവും, ഐടി കേന്ദ്രവുമായ കാക്കനാടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം. ഇതിനാവശ്യമായ വൈറ്റില, എരൂര്‍, കാക്കനാട് ടെര്‍മനിലുകള്‍ക്കാണ് ഇപ്പോള്‍ 29.67 കോടിയുടെ കരാര്‍ നില്‍കിയിരിക്കുന്നത്.

മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറുകാര്‍. കാല്‍ ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലാണ് വൈറ്റിലയില്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുക. ഇവിടെ ബോട്ടുകള്‍ക്ക് വരാനും, പോകാനും, പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ജലമെട്രോയുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും വൈറ്റിലയായിരിക്കും.

 അതേസമയം മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, വൈപ്പിന്‍, ഹൈക്കോടതി, ബോള്‍ഗാട്ടി ജെട്ടികളുടെ സ്ഥലമെടുപ്പ് കൊച്ചിന്‍ കോര്‍പ്പറേഷന്റെ അനാസ്ഥമൂലം വൈകുന്നതായി ആക്ഷേപമുണ്ട്. എന്തായാലും പദ്ധതി, വരുന്ന മാര്‍ച്ചിനകം യാഥാര്‍ത്ഥ്യമാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് എംഡി മുഹമ്മദ് ഹനീഷ്.


കൊച്ചിയിലെ 10 ദ്വീപുകളെ കോര്‍ത്തിണക്കുന്ന, 76 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള, 78 ബോട്ട് സര്‍വ്വീസാണ് വാട്ടര്‍ മെട്രോ പദ്ധതിയിലുള്ളത്. ഇതിന് 16 കേന്ദ്രങ്ങളിലായി 45 ജെട്ടികള്‍ നിര്മ്മിക്കണം.

 നഗരത്തില്‍ മാത്രം 20 ഓളം ജെട്ടികളുണ്ട്. ലക്ഷക്കണക്കിനു നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി, വിനോദ സഞ്ചാരമേഖലയ്ക്കും വലിയ മുതല്‍ക്കൂട്ടാവും. 747 കോടി രൂയാണ് പദ്ധതിയുടെ മൊത്തം ചിലവ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS