jeevan news online

വാർത്തകൾ വിശദമായി

ഇടവമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട നാളെ തുറക്കും



ഇടവമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട നാളെ തുറക്കും. മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണംതേടി പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിച്ചിരുന്നില്ല. ഇതുതുടരാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ചിലരുടെ പിന്തുണയോടെ ആചാരലംഘനം വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ തടയാന്‍ ശബരിമല കര്‍മസമിതി ഉള്‍പ്പടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം. മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹര്‍ജിയില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല.

ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ യുവതികളെ എത്തിച്ചേക്കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍തന്നെയാണ് പോലീസിന്റെ തീരുമാനം. ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെയുള്ള കാലത്ത് നടതുറന്നിരുന്നപ്പോള്‍ വടശ്ശേരിക്കരയിലും എരുമേലിയിലും മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പടെ വരുന്ന വാഹനങ്ങളിലെല്ലാം പോലീസ് യുവതികള്‍ക്കായി കര്‍ശനപരിശോധന നടത്തിയിരുന്നു.

 മറ്റ് സംസ്ഥാനത്തുനിന്ന് അറിയാതെ വന്നവരെയും സംശയമുള്ളവരെയും യാത്രാമധ്യേ പോലീസ് തിരിച്ചയയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് തുടരാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ ആചാരസംരക്ഷണത്തിനായി മുമ്പത്തേതുപോലെ ശബരിമലയിലെത്താന്‍ തയ്യാറെടുക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS